
ലോകമെങ്ങുമുള്ള ടെക്‌നോളജി പ്രേമികളെ ആവേശഭരിതരാക്കിക്കൊണ്ട് അമേരിക്കയിലെ ലാസ് വേഗാസില്‍ 'കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോ 2011' (CES 2011) പുരോഗമിക്കുമ്പോള്‍, ഒരു ചോദ്യം പ്രസക്തമാകുന്നു-ആരാണ് ഈ ഷോയിലെ താരം.
ആപ്പിളിന്റെ ഐപാഡ് കഴിഞ്ഞ വര്‍ഷം തിരികൊളുത്തിയ ടാബ്‌ലറ്റ് വിപ്ലവം ലോകമെങ്ങും വ്യാപിക്കാന്‍ പോകുന്നു എന്നതിന്റെ പരസ്യപ്രഖ്യാപനമായി മാറിയിരിക്കുന്ന സി.ഇ.എസില്‍ ടാബ്‌ലറ്റുകള്‍ തന്നെയാണ് താരം. കീബോര്‍ഡോ മൗസോ വേണ്ടാത്ത ഫുള്‍ടച്ച് സ്‌ക്രീനോടുകൂടിയ എണ്‍പതിലേറെ ഉപകരണങ്ങളാണ് നാലു ദിവസത്തെ (ജനവരി 6-9) പ്രദര്‍ശനത്തില്‍ ഇടംപിടിച്ചിരിക്കുന്നത്. അപ്പോള്‍ 'ആരാണ് ടാബ്‌ലറ്റുകളിലെ താരം' എന്നാകുന്നു ഇനിയുള്ള ചോദ്യം.
ആന്‍ഡ്രോയിഡ് ടാബ്‌ലറ്റുകളുടെ വന്‍നിര തന്നെയുണ്ട് പ്രദര്‍ശന നഗരിയില്‍. വിന്‍ഡോസ് മൊബൈല്‍ 7 അടിസ്ഥാനമാക്കിയ ടാബ്‌ലറ്റുകളും കുറവല്ല. ബ്ലാക്ക്ബറി നിര്‍മാതാക്കളായ റിം കമ്പനിയുടെ ടാബ്‌ലറ്റാണ് മറ്റൊരാകര്‍ഷണം. അതിനിടെയില്‍, ഇന്ത്യയില്‍ നിന്നുള്ള ഒരു ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ തലയെടുപ്പോടെ ശ്രദ്ധാകേന്ദ്രമാകുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹൈദരാബാദിലെ 'നോഷന്‍ ഇന്‍ക് ഡിസൈന്‍ ലാബ്‌സ്' രൂപകല്‍പ്പന ചെയ്ത് രംഗത്തെത്തിക്കുന്ന 'ആദം' (Adam) ആണ് ആ താരം.
സോണിയും ബ്ലാക്ക്ബറി നിര്‍മാതാക്കളും പോലുള്ള ആഗോള ഭീമന്‍മാരുടെ ഉത്പന്നങ്ങള്‍ക്കിടയിലാണ്, തുടക്കക്കാരായ ചെറിയൊരു ഇന്ത്യന്‍ കമ്പനിയുടെ ടാബ്‌ലറ്റ് മാധ്യമശ്രദ്ധ നേടുന്നത്.
ശക്തിയിലും സവിശേഷതകളിലും ഐപാഡിനെക്കാള്‍ ഒരു ചുവട് മുന്നില്‍ എന്നാണ് ആദത്തെക്കുറിച്ച്, അതിന്റെ നിര്‍മാതാക്കള്‍ അവകാശവാദമുന്നിയിച്ചിരുന്നത്. പത്തിഞ്ച് വലിപ്പമുള്ള ഈ ഫുള്‍ടച്ച് ഉപകരണം ആ അവകാശവാദത്തെ സാധൂകരിക്കുന്നതായി എന്‍ഡ് ഗാഡ്ജറ്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.
ആദത്തിന്റെ കരുത്തിന് പിന്നിലെ രഹസ്യം, ഏറ്റവും ആധുനികമായ ചില സങ്കേതങ്ങളാണ്. 'എന്‍വിഡിയ ടെഗ്ര' പ്രോസസര്‍ ആണ് ആദത്തിന്റെ നട്ടെല്ല്. സമ്പര്‍ക്കമുഖത്തിന്റെ (ഇന്റര്‍ഫേസ്) കാര്യത്തില്‍ നവ്യാനുഭവം പ്രദാനം ചെയ്യാന്‍ പാകത്തില്‍ 'പിക്‌സല്‍ ക്വി' സ്‌ക്രീനാണ് ആദത്തില്‍ ഉള്ളത്. എന്‍വിഡിയ ചിപ്പും പിക്‌സല്‍ ക്വി സ്‌ക്രീനും ചേരുമ്പോള്‍, ആദത്തിന്റെ ബാറ്ററി ലൈഫ് ഐപാഡിനെ അപേക്ഷിച്ച് ഇരട്ടിയാകുമെന്നാണ് നോഷന്‍ ഇന്‍ക് മേധാവി റോഷന്‍ ശ്രാവണ്‍ വെളിപ്പെടുത്തിയിട്ടുള്ളത്. പിക്‌സല്‍ ക്വി സ്‌ക്രീന്‍ ഉപയോഗിക്കുന്ന ആദ്യ ടാബ്‌ലറ്റ് പി.സി.യാണ് ആദം.
കൈയില്‍ പിടിച്ച് വായിക്കാന്‍ വളരെ സൗകര്യപ്രദമായ രൂപകല്‍പ്പനയാണ് ആദത്തിന്റേത്. 1024 ഗുണം 600 റിസല്യൂഷനും, പ്രതിഫലനം സൃഷ്ടിക്കാത്ത പിക്‌സല്‍ ക്വി ഡിസ്‌പ്ലെയുമാണ്, ആദത്തിലെ വായനാനുഭവത്തെ മികച്ചതാക്കുന്നത്. എല്‍.ഡി.ഡി.ബാക്ക്‌ലൈറ്റ് അണച്ചും തെളിച്ചും ഉപോയോഗിക്കാം. സൂര്യപ്രകാശത്തില്‍ പിടിച്ചു പോലും വായന സാധ്യമാണ്!
ആദത്തിലെ യൂസര്‍ സമ്പര്‍ക്കമുഖം (യൂസര്‍ ഇന്റര്‍ഫേസ്-യു.ഐ) 'ഏദന്‍ യു.ഐ'(Eden UI) എന്നാണ് അറിയപ്പെടുന്നത്. മറ്റ് ടാബ്‌ലറ്റുകളുടേതില്‍ നിന്ന് വ്യത്യസ്തമായ സമ്പര്‍ക്കമുഖം സൃഷ്ടിക്കാന്‍ നോഷന്‍ ഇന്‍ക് കാര്യമായ ശ്രമം നടത്തുകയും അതില്‍ ഒട്ടൊക്കെ വിജയിക്കുകയും ചെയ്തതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. പാനല്‍ കേന്ദ്രതമായ സമ്പര്‍ക്കമുഖമാണ് ഏദന്‍. ബ്രൗസറില്‍ സ്‌ക്രോള്‍ ചെയ്യലും മറ്റും ആദത്തില്‍ അനായാസം സാധ്യമാണ്.
ആന്‍ഡ്രോയിഡിലാണ് ആദം പ്രവര്‍ത്തിക്കുന്നതെങ്കിലും, അതിന്റെ ആപ്ലിക്കേഷന്‍ സ്‌റ്റോറായ ആന്‍ഡ്രോയിഡ് മാര്‍ക്കറ്റ് ആദത്തില്‍ ലഭ്യമല്ല. പകരം, നോഷന്‍ ഇന്‍ക് രൂപകല്‍പ്പന ചെയ്ത സവിശേഷ ആപ്ലിക്കേഷനുകളാണ് ആദത്തിന്റെ പ്രവര്‍ത്തനം സുഗമമാക്കുക. 'ജനിസിസ്' എന്നൊരു ആപ്ലിക്കേഷന്‍ സ്റ്റോര്‍ സ്വന്തംനിലക്ക് ആരംഭിക്കാനാണ് നോഷന്‍ ഇന്‍കിന്റെ പ്ലാന്‍. ഇത് എത്രത്തോളം വിജയിക്കും എന്നതില്‍ ചിലര്‍ക്കെങ്കിലും സംശയമുണ്ട്.
ത്രീജി, വൈഫൈ കണക്ടിവിറ്റി, യു.എസ്.ബി.ഡ്രൈവ് ഒക്കെയുണ്ട് ആദത്തില്‍. മാത്രമല്ല, ഹൈഡെഫിനിഷന്‍ ടിവി യിലേതിന് തുല്യമായ 1080p വീഡിയോയാണ് ആദത്തില്‍ ആസ്വദിക്കാനാവുക. 576p വീഡിയോയേ ഐപാഡില്‍ കാണാനാകൂ. ഐപാഡില്‍ ഫ്ലഷ് പ്രോഗ്രാമുകള്‍ പ്രവര്‍ത്തിക്കില്ല. ആദത്തില്‍ ഫ് ളാഷ് വീഡിയോകളും ഒരു തടസ്സവുമില്ലാതെ പ്രവര്‍ത്തിക്കും. വീഡിയോ ഡിസ്‌പ്ലെയുടെ കാര്യത്തില്‍ സാംസങ് ഗാലക്‌സി ടാബിനെയും ആദം കടത്തിവെട്ടുന്നവെന്നാണ് റിപ്പോര്‍ട്ട്. (കടപ്പാട്: എന്‍ഡ്ഗാഡ്ജറ്റ്)










No comments:
Post a Comment