
ഇനി സാധാരണ സെര്‍ച്ചിനെ മറക്കാം. മള്‍ട്ടിമീഡിയയുടെ മാന്ത്രികതയിലേക്ക് സെര്‍ച്ചിനെ പറിച്ചു നടാം. ഫെയ്‌സ്ബുക്കിന്റെ സഹസ്ഥാപകരിലൊരാളായ എഡ്വേര്‍ഡോ സാവെരിനും യുട്യൂബിന്റെ സഹസ്ഥാപകന്‍ ജാവേദ് കരീമും ചേര്‍ന്ന് രൂപംനല്‍കിയ 'ക്വിക്കി' (Qwiki) മള്‍ട്ടിമീഡിയ സെര്‍ച്ച് സങ്കേതം, ഇതുവരെയുള്ള വെബ്ബ് ബ്രൗസിങ് അനുഭവത്തെ മാറ്റിമറിക്കാന്‍ പോന്നതാണ്.
വൂള്‍ഫ്രേം ആല്‍ഫ (WolframAlpha) മുന്നോട്ടു വെച്ച ഒരു സെര്‍ച്ച് സമീപനമുണ്ടല്ലോ. സെര്‍ച്ച് ഫലങ്ങള്‍ വെറും ലിങ്കുകളുടെ രൂപത്തില്‍ മാത്രം നല്‍കാതെ, രണ്ട് സംഗതികളെ ഒരേ സമയം താരതമ്യം ചെയ്ത് വിശകലന രീതിയില്‍ അവതിപ്പിക്കുന്ന രീതി. അത്തരമൊരു വ്യത്യസ്ത സമീപനമാണ് 'ക്വിക്കി'യില്‍ സ്വീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ ഒക്ടോബറിലാണ് ക്വിക്കി കമ്പനി അതിന്റെ മള്‍ട്ടിമീഡിയ സെര്‍ച്ചിന്റെ പ്രൈവറ്റ് ആല്‍ഫ പുറത്തുവിട്ടത്. പരിമിതമായ നിലയില്‍ ആ സംവിധനം പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന് കഴിഞ്ഞ ജനവരി 25 ന് കമ്പനി അറിയിച്ചു. അതുവരെ യൂസര്‍മാരില്‍ നിന്നുള്ള ഇമെയില്‍ അഭ്യാര്‍ഥന സ്വീകരിച്ചാണ്, ക്വിക്കി ഉപയോഗിക്കാന്‍ അനുവാദം നല്‍കിയിരുന്നത്. ഒരു ലക്ഷത്തിലേറെ അഭ്യര്‍ഥനയാണ് യൂസര്‍മാരില്‍ നിന്ന് ലഭിച്ചതെന്ന് കമ്പനി പറയുന്നു.
ക്വിക്കിയില്‍ 'കേരള' എന്ന് സെര്‍ച്ച് ചെയ്താല്‍ നമ്മുടെ മുന്നിലെത്തുന്നത്, സംസ്ഥാനത്തിന്റെ അടിസ്ഥാന വിവരങ്ങള്‍ സംബന്ധിച്ച ഇംഗ്ലീഷ് ശബ്ദവിവരണവും, അതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും, ടെക്സ്റ്റ് വിവരണങ്ങളുമൊക്കെ ചേര്‍ന്നുള്ള ഒരു അവതരണമാണ്. കൂടാതെ കേരളവുമായി ബന്ധപ്പെട്ട് ചരിത്രപരവും സാംസ്‌ക്കാരികവുമായ ഒട്ടേറെ അനുബന്ധ അവതരണങ്ങള്‍, ആദ്യത്തേത് അവസാനിക്കുന്നതോടെ മുന്നിലെത്തുന്നു.

വ്യക്തികള്‍, സ്ഥലങ്ങള്‍, വസ്തുതകള്‍ എന്നിങ്ങനെ ഏതാണ്ട് 30 ലക്ഷം റഫറന്‍സ് ഘടകങ്ങള്‍ ക്വിക്കിയില്‍ ഇതിനകം ഉള്‍പ്പെടുത്തിക്കഴിഞ്ഞതായി കമ്പനി അറിയിക്കുന്നു. വീഡിയോകള്‍, ഫോട്ടോകള്‍, മാപ്പുകള്‍, ഗ്രാഫുകള്‍ എന്നിങ്ങനെയുള്ള ദൃശ്യരൂപങ്ങളെല്ലാം സമ്മേളിപ്പിച്ചാണ് ക്വിക്കിയില്‍ ഒരോ സെര്‍ച്ച് ഫലങ്ങളും അവതരിപ്പിക്കപ്പെടുന്നത്. ഒപ്പം അവതരിപ്പിക്കപ്പെടുന്ന വസ്തുതകളുടെ ഹൃസ്വ ടെക്സ്റ്റ് വിവരണങ്ങളും മുന്നിലെത്തും.
വെബ്ബ് എന്നത് എത്രത്തോളം ദൃശ്യപരമാണോ ആ ദൃശ്യപരതയുടെ മുഴുവന്‍ സാധ്യതയും സമ്മേളിപ്പിച്ചിരിക്കുകയാണ് ക്വിക്കിയില്‍. ഓരോ സെര്‍ച്ചിനും ലഭിക്കുക 'ഇന്‍ഫര്‍മേഷന്‍ എക്‌സ്‌പെരിയന്‍സ്' എന്നാണ് ക്വിക്കി വിശേഷിപ്പിക്കുന്നത്. ക്വിക്കിയുടെ സാധ്യത അറിഞ്ഞ് അതില്‍ മുതല്‍ മുടക്കാനും കമ്പനികള്‍ തയ്യാറായിത്തുടങ്ങി. ജനവരിയില്‍ 80 ലക്ഷം ഡോളറാണ് ക്വിക്കിക്ക് അത്തരത്തില്‍ സമാഹരിക്കാനായത്.
ഫെയ്‌സ്ബുക്ക് പോലെയുള്ള സൗഹൃക്കൂട്ടായ്മകളില്‍ നമുക്കിഷ്ടമായ മള്‍ട്ടിമീഡിയ അവതരണങ്ങള്‍ പങ്കുവെയ്ക്കുക മാത്രമല്ല, യുടൂബ് വീഡിയോകളുടെ കാര്യം പോലെ വെബ്ബ്‌പേജുകളില്‍ എമ്പഡ് ചെയ്യാനുള്ള കോഡും ക്വിക്കി പേജുകളില്‍ ലഭ്യമാണ്. ക്വിക്കിയില്‍ kerala എന്ന് സെര്‍ച്ച് ചെയ്യുമ്പോള്‍ കിട്ടുന്ന ഫലമാണ് ചുവടെ.
No comments:
Post a Comment