
മൈക്രോസോഫ്ടും ബെയ്ദുവും, മൈക്രോസോഫ്ടും ഫെയ്‌സ്ബുക്കും, മൈക്രോസോഫ്ടും നോക്കിയയും...... ഗൂഗിളിന് സഹകരിച്ചു പോകാന്‍ കഴിത്താവര്‍ ആരൊക്കെ എന്നാണ് ഇപ്പോള്‍ മൈക്രോസോഫ്ടിന്റെ നോട്ടം. അത്തരക്കാരുമായി പങ്കാളിത്തം സൃഷ്ടിച്ച് ഗൂഗിളിന് വെല്ലുവിളിയുയര്‍ത്തുക എന്ന തന്ത്രത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്, ചൈനീസ് സെര്‍ച്ച് ഭീമനായ 'ബെയ്ദു'വുമായി മൈക്രസോഫ്ട് കൈകോര്‍ക്കുന്നു എന്ന വാര്‍ത്ത.
സെര്‍ച്ചിന്റെ കാര്യത്തിലാണ് ഈ പുതിയ നീക്കമെങ്കില്‍, വീഡിയോചാറ്റിങിനായി ഫെയ്‌സ്ബുക്കിലേക്ക് സ്‌കൈപ്പിനെ എത്തിച്ചുകൊണ്ട് മറ്റൊരു യുദ്ധമുഖം വരും ദിവസം തന്നെ തുറക്കപ്പെടും. 850 കോടി ഡോളറിന് അടുത്തയിടെയാണ് മൈക്രോസോഫ്ട് സ്‌കൈപ്പിനെ സ്വന്തമാക്കിയത്. ഫെയ്‌സ്ബുക്കും മൈക്രോസോഫ്ടുമായി വര്‍ധിച്ചു വരുന്ന സഹകരണത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്, ഫെയ്‌സ്ബുക്ക് പ്രഖ്യാപിക്കുമെന്ന് കരുതുന്ന വീഡിയോ ചാറ്റിങ് സങ്കേതം.
ബെയ്ദുവില്‍ ബിംഗ്
സെന്‍സര്‍ഷിപ്പില്‍ പ്രതിഷേധിച്ച് ചൈനയില്‍ നിന്ന് ഗൂഗിള്‍ പിന്‍മാറിയിട്ട് ഒന്നര വര്‍ഷമാകുമ്പോഴാണ്, ബെയ്ദുവുമായി മൈക്രോസോഫ്ട് കൈകോര്‍ക്കുന്നത്. ഇംഗ്ലീഷില്‍ സെര്‍ച്ച് ഫലം നല്‍കാനുള്ള കരാറാണ് ബെയ്ദുവുമായി മൈക്രോസോഫ്ട് ഉണ്ടാക്കിയിരിക്കുന്നത്.
ചൈനയിലെ സെര്‍ച്ച് വിപണിയില്‍ 83 ശതമാനവും കൈകാര്യം ചെയ്യുന്ന ബെയ്ദുവിന്റെ സേവനം ചൈനീസ് ഭാഷയിലാണ്. തങ്ങളുടെ ഇംഗ്ലീഷ് സേവനം മെച്ചപ്പെടുത്താന്‍ ഏറെ നാളായി ശ്രമിച്ചു വരികയായിരുന്നു ബെയ്ദു. ബെയ്ദുവിന് ദിവസവും 100 ലക്ഷം ഇംഗ്ലീഷ് സെര്‍ച്ച് അഭ്യര്‍ഥനകള്‍ ലഭിക്കുന്നുണ്ട്.
ഈ വര്‍ഷമവസാനത്തോടെ മൈക്രോസോഫ്ടുമൊന്നിച്ച് പ്രവര്‍ത്തനം തുടങ്ങാമെന്നാണ് ബെയ്ദു കണക്കുകൂട്ടുന്നത്. അതോടെ ബെയ്ദുവിന് ലഭിക്കുന്ന ഇംഗ്ലീഷ് സെര്‍ച്ച് അഭ്യര്‍ഥനകള്‍ മൈക്രോസോഫ്ടിന്റെ ബിംഗ് സെര്‍ച്ച് എഞ്ചിനിലേക്ക് ഗതിതിരിച്ചു വിടും. മൈക്രോസോഫ്ടിന്റെ വെബ്ബ് സാന്നിധ്യം കുറഞ്ഞ തോതിലായാല്‍ പോലും വര്‍ധിപ്പിക്കാന്‍ ഈ നീക്കം സഹായിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
ഫെയ്‌സ്ബുക്കില്‍ സ്‌കൈപ്പ്
ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ഫെയ്‌സ്ബുക്കില്‍, സ്‌കൈപ്പിന്റെ പങ്കാളിത്തത്തോടെയുള്ള വീഡിയോ ചാറ്റിങ് സര്‍വീസ് ആരംഭിക്കുന്നതായുള്ള പ്രഖ്യാപനം കാക്കുകയാണ് ടെക് ലോകം. സ്‌കൈപ്പിനെ മൈക്രോസോഫ്ട് സ്വന്തമാക്കുന്നതായുള്ള പ്രഖ്യാപനം കഴിഞ്ഞ മെയ് മാസത്തിലാണുണ്ടായത്.
ഫെയ്‌സ്ബുക്കിന് ബദലാകാന്‍ പാകത്തില്‍ പുതിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സര്‍വീസായ ഗൂഗിള്‍ പ്ലസ് പ്രോജക്ട് അവതരിപ്പിക്കപ്പെട്ട് ദിവസങ്ങള്‍ക്കുള്ളിലാണ്, മൈക്രോസോഫ്ടിന്റെ പിന്തുണയോടെ ഫെയ്‌സ്ബുക്ക് പുതിയ സര്‍വീസ് ആരംഭിക്കാന്‍ പോകുന്നത് എന്നത് ശ്രദ്ധേയമാണ്. ജൂലായ് 6 ന് പുതിയ സര്‍വീസ് ഫെയ്‌സ്ബുക്ക് അവതരിപ്പിക്കും.
ഗൂഗിളുമായി ആശയപ്പൊരുത്തമില്ലാത്തവരെ തേടിപ്പിടിച്ച് മൈക്രോസോഫ്ട് പങ്കാളിത്തമുണ്ടാക്കുന്നതിന് വേറെയും ഉദാഹരണങ്ങളുണ്ട്. നോക്കിയയും മൈക്രോസോഫ്ടുമായി 2010 ഡിസംബറില്‍ പ്രഖ്യാപിച്ച തന്ത്രപരമായ പങ്കാളിത്തമാണ് അതില്‍ പ്രധാനം. സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് ഗൂഗിളിന്റെ ആന്‍ഡ്രയിഡിനെ കൈവിട്ടിട്ടാണ്, മൈക്രോസോഫ്ടിന്റെ വിന്‍ഡോസ് ഫോണ്‍ 7 പ്ലാറ്റ്‌ഫോമിനെ നോക്കിയ പുല്‍കിയത്.
മൈക്രോസോഫ്ടും ഗൂഗിളുമായി തുടരുന്ന യുദ്ധമുഖങ്ങള്‍ ഇതുകൊണ്ടും തീരുന്നില്ല. മൈക്രോസോഫ്ടിനെ ലോകത്തെ ഏറ്റവും വലിയ സോഫ്ട്‌വേര്‍ കമ്പനിയാക്കിയത്, വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റമാണ്. കാല്‍നൂറ്റാണ്ടിലേറെയായി രംഗം കൈയടക്കിയിട്ടുള്ള മൈക്രോസോഫ്ടിന് വെല്ലുവിളി സൃഷ്ടിക്കുകയാണ്, ക്ലൗഡ് അടിസ്ഥാനമാക്കിയുള്ള ഗൂഗിളിന്റെ ക്രോം ഓപ്പറേറ്റിങ് സിസ്റ്റം. ഗൂഗിള്‍ ക്രോമില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ ലാപ്‌ടോപ്പ് രംഗത്തെത്തിയത് അടുത്തയിടയാണ്.
മൈക്രോസോഫ്ടിന്റെ മേധാവിത്വമുണ്ടായിരുന്ന ബ്രൗസര്‍ രംഗത്ത് ഗൂഗിള്‍ കൈവെച്ചപ്പോള്‍, ഗൂഗിളിന്റെ തുറുപ്പുശീട്ടായ സെര്‍ച്ച് രംഗത്ത് മൈക്രോസോഫ്ട് കടന്നു കയറി. ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന് വെല്ലുവിളിയുയര്‍ത്തിക്കൊണ്ടാണ് ഗൂഗിളിന്റെ ക്രോം ബ്രൗസര്‍ ജനപ്രീതിയാര്‍ജിക്കുന്നത്. അതേസമയം, അമേരിക്ക പോലുള്ള ഇടങ്ങളില്‍ ഗൂഗിള്‍ സെര്‍ച്ചിന് വെല്ലുവിളിയായി മൈക്രോസോഫ്ടിന്റെ ബിംഗ് വളര്‍ച്ച നേടുന്നു.
ഇപ്പോഴത്തെ നിലയ്ക്ക് ഇരുകമ്പനികളും തമ്മിലുള്ള കിടമത്സരം വര്‍ധിക്കാനാണ് സാധ്യത. മൈക്രോസോഫ്ട് ഉണ്ടാക്കുന്ന കൂട്ടുകെട്ടുകള്‍ക്ക് ഗൂഗിളിന്റെ വളര്‍ച്ച ചെറുക്കാന്‍ എത്രമാത്രം കഴിയും എന്നിടത്താണ് പ്രശ്‌നം. അതറിയാന്‍ കുറച്ചുകൂടി കാത്തിരുന്നേ കഴിയൂ.
No comments:
Post a Comment