
വിന്‍ഡോസ്, ഉബുണ്ടു എന്നിവയെപ്പോലെ ഒരു പൂര്‍ണ ഓപ്പറേറ്റിങ് സിസ്റ്റമാണ് പപ്പി ലിനക്‌സ്. ഉപയോഗിക്കാനും കൊണ്ടുനടക്കാനും എളുപ്പം. വേര്‍ഡ് പ്രൊസസ്സര്‍, സ്‌പ്രെഡ്ഷീറ്റ്, ഇന്റര്‍നെറ്റ് ബ്രൗസര്‍, ഗെയിംസ്, ഇമേജ് എഡിറ്റര്‍ തുടങ്ങി അത്യാവശ്യം വേണ്ട എല്ലാ സോഫ്ട്‌വേറുകളും ഇതിലുണ്ട്. മറ്റ് സോഫ്ട്‌വേറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സഹായിക്കുന്ന സംവിധാനവും (GUI Puppy Software Installer) ലഭ്യമാണ്. കുറഞ്ഞ കോണ്‍ഫിഗരേഷനുള്ള കമ്പ്യൂട്ടറുകളിലും പ്രവര്‍ത്തിപ്പിക്കാം എന്നതാണ് ഇതിന്റെ സവിശേഷത.
കമ്പ്യൂട്ടറില്‍ പൂര്‍ണമായി ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ, പെന്‍ഡ്രൈവ് വഴിയോ എസ്.ഡി.കാര്‍ഡ് മുഖേനയോ സിഡിയില്‍ നിന്നോ പപ്പി ലിനക്‌സ് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. കമ്പ്യൂട്ടറില്‍ നിലവിലുള്ള ഓപ്പറേറ്റിങ് സിസ്റ്റത്തെ വിഭജിക്കുകയോ ഏതെങ്കിലും വിധത്തില്‍ തടസ്സം വരുത്താതെയോ പപ്പി ലിനക്‌സ് പ്രവത്തിപ്പിക്കാനാവും. കമ്പ്യൂട്ടറിന്റെ റാമില്‍ (RAM) മാത്രം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്ന പ്രത്യേകതയുമുണ്ട്.
ഒരിക്കല്‍ ബൂട്ട് ചെയ്ത് കഴിഞ്ഞാല്‍ പിന്നെ സിഡിയോ പെന്‍ഡ്രൈവോ ഊരിയെടുത്താലും പപ്പി ലിനക്‌സ് തടസ്സമില്ലാതെ പ്രവര്‍ത്തിക്കും. സ്ഥിരം ഒ.എസ്. ആയി ഇതിനെ വേണമെന്നുള്ളവര്‍ക്ക് ഫുള്‍ ഇന്‍സ്റ്റലേഷന്‍ രീതിയും ലഭ്യമാണ്. പ്രവര്‍ത്തന സമയത്തെ ജോലികള്‍ പെന്‍ഡ്രൈവില്‍ സേവ് ചെയ്യുകയുമാവാം. ഏത് സിസ്റ്റത്തിലും ഒറ്റ മിനിറ്റുകൊണ്ട് പപ്പി ലിനക്‌സ് പ്രവര്‍ത്തനക്ഷമമാകും. പഴയ കമ്പ്യൂട്ടറുകളില്‍ ഇത് മികച്ച സമയം തന്നെയാണ്.
ഹാര്‍ഡ് ഡിസ്‌കുകള്‍ ഇല്ലാത്ത കമ്പ്യൂട്ടറുകളിലും പപ്പി ലിനക്‌സ് ഉപയോഗിക്കാം. പ്രൊസസറുകളുടെയും റാമിന്റെയും പഴക്കംകൊണ്ട് ഹാര്‍ഡ് ഡിസ്‌കുകള്‍ തകരാറിലായി ഉപേക്ഷിച്ച കമ്പ്യൂട്ടറുകളെപ്പോലും പപ്പി ലിനക്‌സ് കൊണ്ട് പ്രവര്‍ത്തിപ്പിക്കാനാകും. യു.എസ്.ബി.ഡ്രൈവ് വഴിയോ സിഡി വഴിയോ ബൂട്ട് ചെയ്താല്‍ മതി. ചെയ്യുന്ന ജോലികള്‍ പെന്‍ഡ്രൈവില്‍ സൂക്ഷിക്കുകയുമാവാം.
വൈറസ് ആക്രമണം കൊണ്ട് തുറക്കാന്‍ പറ്റാത്തതായ കമ്പ്യൂട്ടറുകളില്‍ പോലും പപ്പി ലിനക്‌സ് രക്ഷയ്‌ക്കെത്തും. യു.എസ്.ബി. വഴി പപ്പി ലിനക്‌സ് ഉപയോഗിച്ച് അതിലുള്ള ആന്റിവൈറസുകളുടെ സഹായത്തോടെ സിസ്റ്റത്തിലെ വൈറസ് കളയാനാകും. Autorun.inf എന്ന ദുഷ്ടപ്രോഗ്രാമിനെ (മാല്‍വെയര്‍) പോലും എളുപ്പത്തില്‍ പപ്പി ലിനക്‌സ് വഴി അമര്‍ച്ച ചെയ്യാം.

പപ്പി ലിനക്‌സ് ഉപയോഗിക്കാന്‍ അതിന്റെ സൈറ്റായ http://puppylinux.org ലെത്തി, അവിടുള്ള ISO Image ഡൗണ്‍ലോഡ് ചെയ്ത് ബൂട്ടബിള്‍ സിഡി ഉണ്ടാക്കുക. അതുപയോഗിച്ച് ഒരു തവണ ബൂട്ട് ചെയ്ത ശേഷം ആവശ്യമെങ്കില്‍ യു.എസ്.ബി.ഡ്രൈവില്‍ ബൂട്ട് ചെയ്യുന്ന രീതിയില്‍ സെറ്റപ്പ് മെനുവിനെ, യൂണിവേഴ്‌സല്‍ ഇന്‍സ്റ്റാളര്‍ (Puppy Universal Installer) ഉപയോഗിച്ച് പെന്‍ഡ്രൈവിലേക്ക് ഇന്‍സ്റ്റാള്‍ ചെയ്യാം. വെറും 100 എംബി സംഭരണശേഷിയുള്ള പെന്‍ഡ്രൈവില്‍ പോലും പപ്പി ലിനക്‌സ് ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതേയുള്ളു. ഓപ്പണ്‍ ഓഫീസ് പാക്കേജ് ആവശ്യമെങ്കില്‍ മിനിമം 250 എംബിയെങ്കിലുമുള്ള പെന്‍ഡ്രൈവ് ആവശ്യമാണ്.
ലൂസിഡ് പപ്പി 5.2 എന്ന അപരനാമത്തില്‍ അറിയപ്പെടുന്നതാണ് പപ്പി ലിനക്‌സിന്റെ ഏറ്റവും പുതിയ പതിപ്പ്. മുമ്പത്തേതിനെക്കാള്‍ കൂടുതല്‍ വേഗമുള്ള ഈ പതിപ്പിന് കൂടുതല്‍ ഭാഷകളെ പിന്തുണയ്ക്കാനാവും. ജി.യു.ഐ.മെനുവും ഇതിന്റെ സവിശേഷതയാണ്. മുമ്പുണ്ടായിരുന്ന 'സീമങ്കി' ബ്രൗസറിന് പുറമെ, ഫയര്‍ഫോക്‌സ്, ക്രോം തുടങ്ങിയ ബ്രൗസറുകളും ഇതില്‍ പ്രവര്‍ത്തിക്കും. ഉബുണ്ടു പാക്കേജുകളും ഉപയോഗപ്പെടുത്താനാകും.
2003 ല്‍ ബാരി കൗളര്‍ ആണ് പപ്പി ലിനക്‌സിന്റെ ആദ്യ പതിപ്പ് പുറത്തിറക്കിയത്. ലാറിഷോട്ട്, മൈക് അമാഡിയോ, പപ്പി കമ്മ്യൂണിറ്റി എന്നിവ ചേര്‍ന്നാണ് ഇപ്പോള്‍ പുതിയ പതിപ്പുകള്‍ ഇറക്കുന്നത്. 2006 ജൂണ്‍ ഒന്നിന് രണ്ടാമത്തെ പതിപ്പ് പുറത്തിറങ്ങി. അതിപ്പോള്‍ ലൂസിഡ് പപ്പി 5.2 എന്ന പതിപ്പിലെത്തി നില്‍ക്കുന്നു.
പിന്‍കുറിപ്പ് : ഇതേ രീതിയില്‍ പെന്‍ഡ്രൈവില്‍ ബൂട്ട് ചെയ്യാവുന്ന ലിനക്‌സ് അധിഷ്ഠിത ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ വേറെയുമുണ്ട്. സ്ലാക്‌സ് (www.slax.org), ലിനക്‌സ്-യു.എസ്.ബി (www.linux-usb.org), പെന്‍ഡ്രൈവ് ലിനക്‌സ് (www.pendrivelinux.com), പ്ലോപ്പ് (http://www.plop.at/en/ploplinux.html) തുടങ്ങിയവയെല്ലാം പപ്പി ലിനക്‌സ് പോലെ സൗജന്യമായി ലഭിക്കുന്നതും സി.ഡി, പെന്‍ഡ്രൈവ് തുടങ്ങിയവ ഉപയോഗിച്ച് ബൂട്ട് ചെയ്യാവുന്നവയുമാണ്.
(Source)
No comments:
Post a Comment