Showing posts with label Linux. Show all posts
Showing posts with label Linux. Show all posts

Wednesday, 26 October 2011

പുതുമകളുമായി ഉബുണ്ടുവിന്റെ പുതിയ പതിപ്പ്‌




പതിവ്
തെറ്റിക്കാതെ ആറുമാസത്തിലൊരിക്കല്‍ കനോനിക്കല്‍ കമ്പനി പ്രശസ്ത ലിനക്‌സ്
ഒഎസ് ആയ ഉബുണ്ടുവിന്റെ പുതിയ പതിപ്പ് ഇറക്കാറുണ്ട്. ഉബുണ്ടുവിന്റെ പുതിയ
പതിപ്പായ (പതിനഞ്ചാമത്തെ പതിപ്പ്) ഉബുണ്ടു 11.10 Oneiric Ocelot എന്ന
കോഡ്‌നാമത്തിലാണ് അറിയപ്പെടുന്നത്. ഇപ്പോള്‍ ആ പതിപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ.



സ്വതന്ത്ര വിഭാഗത്തില്‍പ്പെടുന്നതും സൗജന്യവുമായ ഉബുണ്ടു ഇപ്പോള്‍
ലോകത്താകെ 20 മില്യണ്‍ ആളുകള്‍ ഉപയോഗിക്കുന്നുവെന്നാണ് കണക്ക്.
വിന്‍ഡോസുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് ചെറിയ സംഖ്യയാണെങ്കിലും,
അടുത്തകാലത്തായി ഉബുണ്ടുവിന്റെ വളര്‍ച്ചാ നിരക്ക് വര്‍ധിച്ചിരിക്കുകയാണ്.




സ്വതന്ത്ര ഒഎസ് ആയതിനാല്‍ ഇതിന്റെ ആവശ്യക്കാര്‍ക്കനുസരിച്ച് കസ്റ്റമൈസ്
ചെയ്ത് ഉപയോഗിക്കാമെന്നതാണ് ഉബുണ്ടുവിന്റെ സവിശേഷത. കേരളത്തില്‍ ഐ.ടി.
അറ്റ് സ്‌കൂളിന്റെ ഭാഗമായി നേരത്തെ തന്നെ ഉബുണ്ടുവിനെ കസ്റ്റമൈസ് ചെയ്ത്
ഉപയോഗിക്കുന്നു. ഇപ്പോള്‍ ഇന്ത്യയിലെ കോടതികള്‍ മുഴുവനും ഉബുണ്ടു
കസ്റ്റമൈസ് ചെയ്തുപയോഗിക്കാന്‍ തീരുമാനിച്ചിരിക്കുന്നു.




ഉബുണ്ടുവിന്റെ മുന്‍പതിപ്പായ 11.04 ന്റെ
കെട്ടുറപ്പില്‍ ഊന്നിത്തന്നെയാണ് പുതിയ പതിപ്പും പുറത്തിറക്കിയത്.
ആയതിനാല്‍ സമൂലമായ അഴിച്ചുപണി ഈ പതിപ്പില്‍ കാണുന്നില്ല. എങ്കിലും ഒരു
പുതിയ പതിപ്പിന് ആവശ്യമായ കുറെയേറെ പരിഷ്‌ക്കാരങ്ങള്‍ ഇതില്‍
കാണാവുന്നതാണ്.



നിലവിലുള്ള പതിപ്പായ 11.04 ന്റെ പ്രധാന സവിഷേത തന്നെ അതിന്റെ യൂണിറ്റി
ഡസ്‌ക്‌ടോപ്പ് ആയിരുന്നു. സ്മാര്‍ട്ട്‌ഫോണുകളുടെയും ടാബ്‌ലറ്റുകളുടെയും
ഡസ്‌ക്‌ടോപ്പില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു നിര്‍മ്മിച്ച യൂണിറ്റി
ഡെസ്‌ക്‌ടോപ്പിനെ നിലനിര്‍ത്തിക്കൊണ്ട് അതില്‍ ഒട്ടേറെ പരിഷ്‌ക്കരണങ്ങള്‍
വരുത്തിയാണ് പുതിയ പതിപ്പ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. GNOME 3.0
ഗ്രാഫിക്കല്‍ ഇന്റര്‍ഫേസും ലിനക്‌സ് കേണല്‍ 3.0.0-12.20 ഉമാണ് പുതിയ പതിപ്പിന്റെ കരുത്ത്.




ലോഗിന്‍ വിന്‍ഡോയില്‍ തുടങ്ങുന്നു മാറ്റം.
യൂണിറ്റി ഡെസ്‌ക്‌ടോപ്പിന് അനുസൃതമായ രീതിയില്‍തന്നെ LightDM എന്ന പേരില്‍
വളരെ ചെറുതും ആകര്‍ഷകവുമായ പുതിയ ലോഗിന്‍ വിന്‍ഡോ സൃഷ്ടിച്ചിരിക്കുന്നു.



ഡാഷ് ബട്ടനെ (വിന്‍ഡോസിലെ സ്റ്റാര്‍ട്ട്ബട്ടണ്‍) വലത്തുനിന്ന് കൂടുതല്‍
സൗകര്യപ്രദമായ ഇടത്തോട്ട് മാറ്റി ലോഞ്ച് ബാറിന്റെ കൂടെ
ചേര്‍ത്തിരിക്കുന്നു. ഗ്ലാസ് ഇഫക്ടുകളും മനോഹരമായ ഐക്കണും നല്‍കി ഇതിനെ
മിഴിവാക്കിയിരിക്കുന്നു. ഡാഷ് ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന
സെര്‍ച്ച് ബോക്‌സ് വഴി പ്രോഗ്രാമുകള്‍ ആവശ്യത്തിനനുസരിച്ച്
തിരഞ്ഞെടുക്കാം. സിസ്റ്റം ഷട്ട്ഡൗണ്‍ ചെയ്യാനും മറ്റുമുള്ള പവര്‍ബട്ടണ്‍
പഴയ സ്ഥലത്തുതന്നെ നിലനിര്‍ത്തിയിരിക്കുന്നു.




മികച്ച ക്ലാരിറ്റിയിലുള്ള വാള്‍പേപ്പറുകളും
ത്രീഡി ഇഫക്ടുകളും ഡസ്‌കടോപ്പിനെ മികച്ചതാക്കുന്നു. മാക്‌സിമൈസ്
വിന്‍ഡോയില്‍ വിന്‍ഡോ കണ്‍ട്രോളുകള്‍ ഓട്ടോ ഹൈഡ് ആവുന്നതും കുറഞ്ഞ
ഹാര്‍ഡ്‌വെയര്‍ കോണ്‍ഫിഗറേഷനുള്ളവര്‍ക്ക് യൂണിറ്റിയുടെ ത്രീഡി
വേര്‍ഷനിലേക്ക് മാറാനുള്ള സൗകര്യവും പുതുമയുള്ള ഫീച്ചറുകളാണ്.
ആപ്ലിക്കേഷനുകള്‍ സ്വിച്ച് ചെയ്യാവുന്ന ALT+Tab സൗകര്യവും
കൊണ്ടുവന്നിരിക്കുന്നു.



ആപ്ലിക്കേഷനുകള്‍


ഫയര്‍ഫോക്‌സ് 7 : ഫയര്‍ഫോക്‌സിന്റെ ഏറ്റവും പുതിയ പതിപ്പായ ഫയര്‍ഫോക്‌സ് 7
ആണ്് ബ്രൗസറായി ഉപയോഗിച്ചിരിക്കുന്നത്. അതേസമയം ഓഫീസ് ആപ്ലിക്കേഷനായി ലിബ്ര
ഓഫീസി (3.4) നെത്തന്നെ നിലനിര്‍ത്തിയിട്ടുമുണ്ട്. മോസില്ല തണ്ടര്‍ബേര്‍ഡ്
ഡീഫാള്‍ട്ട് ഇമെയില്‍ ആപ്ലിക്കേഷനായി മോസില്ല തണ്ടര്‍ബേര്‍ഡും ഫോട്ടോ
എഡിറ്റിങ്ങിനായി ഷോട്‌വെല്‍ ഫോട്ടോ മാനേജര്‍ എന്ന ആപ്ലിക്കേഷനും
ഉപയോഗിക്കാം. കൂടാതെ പതിവുള്ള മറ്റു ആപ്ലിക്കേഷനുകളും ഗെയിമുകളും ലഭ്യം.



സോഫ്റ്റ്‌െവയര്‍ സെന്റര്‍ :
നിരവധി ഉപയോഗപ്രദമായ ആപ്ലിക്കേഷനുകള്‍
ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഉബുണ്ടു തങ്ങളുടെ സോഫ്ട്‌വേര്‍ സെന്റര്‍ (5.00)
പരിഷ്‌കരിച്ചിരിക്കുന്നു. ഐക്കണുകളെ വലുതാക്കി ലേഔട്ടിലും മറ്റുമായി
കാര്യമായി അഴിച്ചുപണി നടത്തിയിരിക്കുന്നു. സോഫ്ട്‌വേറുകള്‍ കണ്ടെത്തുന്നതും
ഇന്‍സ്റ്റാള്‍ ചെയ്യുന്നതും ഇനിമുതല്‍ കൂടുതല്‍ വേഗത്തില്‍ സാധ്യമാകും.





ദേജാ ഡപ് ബാക്കപ്പ് സംവിധാനം : ഫയലുകള്‍ മറ്റു ഡ്രൈവുകളിലോ ഓണ്‍ലൈന്‍ ആയോ ബാക്ക് അപ്പ് ചെയ്യാനുള്ള 'Deja Dup' ആപ്ലിക്കേഷന്‍.



ഉബുണ്ടു ക്ലൗഡ് :
ഉബുണ്ടു ക്ലൗഡ് എന്ന സംവിധാനവും പുതിയപതിപ്പ് വഴി
ഒരുക്കിയിട്ടുണ്ട്. 5 ജിബി സ്ഥലം സൗജന്യമായി ലഭിക്കും. ഫയലുകള്‍ ബാക്കപ്പ്
ചെയ്യാനും മറ്റും ഈ സൗകര്യം ഉപയോഗിക്കാവുന്നതാണ്. 64 ബിറ്റ് ഉബുണ്ടു
ഉപയോക്താക്കള്‍ക്കും 32 ബിറ്റ് ഉബുണ്ടു ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍
ചെയ്യാന്‍ സഹായിക്കുന്ന സംവിധാനമായ മള്‍ട്ടിആര്‍ക് തുടങ്ങിയവയെല്ലാം പുതിയ
പതിപ്പിന്റെ പ്രത്യേകതകളാണ്.



സിസ്റ്റം കോണ്‍ഫിഗറേഷന്‍ :
മിനിമം 1 ജിബി റാമും 1 ജിഗാഹെര്‍ട്‌സ്
പ്രൊസസ്സര്‍ സ്്പീഡും 15 ജിബിയെങ്കിലും ഹാര്‍ഡ് ഡിസ്‌കില്‍ സ്ഥലവും
ഉള്ളവരേ പുതിയ പതിപ്പിനായി ശ്രമിക്കേണ്ടതുള്ളൂ.



അടുത്ത പതിപ്പിന്റെ പേരും റിലീസിങ് തിയ്യതിയും ഇപ്പോള്‍തന്നെ ഉബുണ്ടു
പ്രഖ്യാപിച്ചുകഴിഞ്ഞു. Precise Pangolin എന്ന കോഡുനാമത്തില്‍ അറിയപ്പെടുന്ന
ഉബുണ്ടു 12.04, 2012 ഏപ്രിലില്‍ പുറത്തിറങ്ങും. മാത്രമല്ല പതിവില്‍ ിന്ന്
വിത്യസ്തമായി ഇത് മൂന്നുവര്‍ഷത്തേക്കുള്ളത് (Long Term Support (LTS)
release) ആയിരിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

(Source)

Wednesday, 27 April 2011

വിന്‍ഡോസിനോട് മത്സരിക്കാന്‍ ഉബുണ്ടുവിന്റെ പുതിയ പതിപ്പ്





ലോകത്ത് 12 മില്യണിലേറെ കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ ഉപയോഗിക്കുന്ന സ്വതന്ത്ര ഓപ്പണ്‍സോഴ്‌സ് ഓപ്പറേറ്റിങ് സിസ്റ്റമായ ഉബുണ്ടുവിന്റെ പുതിയ പതിപ്പ് എത്തുന്നു. 'നാറ്റി നര്‍വാല്‍' എന്ന് പേര് നല്‍കിയിട്ടുള്ള ഉബുണ്ടു 11.04 പതിപ്പ് ഏപ്രില്‍ 28 നാണ് ഔദ്യോഗികമായി പുറത്തിറങ്ങുക. പുതിയ പതിപ്പിന്റെ ആല്‍ഫ, ബാറ്റ വകഭേദങ്ങള്‍ ഇതിനകം ലഭ്യമായിരുന്നു.

ഉബുണ്ടുവിന്റെ 14-ാമത്തെ പതിപ്പാണിത്. വിന്‍ഡോസ് ഒ.എസിന്റെ സമഗ്രാധിപത്യത്തിന് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ ഉബുണ്ടുവിന് ഇതുവരെ കഴിഞ്ഞിരുന്നില്ലെങ്കിലും, പുതിയ പതിപ്പോടെ ശക്തമായ ഒരു മത്സരത്തിന് ഉബുണ്ടു തയ്യാറെടുക്കുകയാണ്. അതിനുള്ള ഒരുക്കങ്ങളോടെയാണ് പുതിയ ഉബുണ്ടു പതിപ്പ് രംഗത്തെത്തുന്നത്. ഉബുണ്ടു 11.04 ന്റെ ബീറ്റ പതിപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ഈ സൈറ്റ് സന്ദര്‍ശിക്കുക.

വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തെപ്പോലെ ലളിതവും ഉപയോഗിക്കാന്‍ എളുപ്പവുമായ ഉബുണ്ടുവിനെ 'ലിനക്‌സിന്റെ വിന്‍ഡോസ് പതിപ്പ്' എന്നുവേണമെങ്കില്‍ വിശേഷിപ്പിക്കാം. ഉബുണ്ടു ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുക മാത്രമല്ല, ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സൗജന്യമായി ഉബുണ്ടു ഒ.എസ് സിഡി രൂപത്തില്‍ അയച്ചുകൊടുക്കുകയും ചെയ്തിരുന്നു.

ബ്രോഡ്ബാന്‍ഡ് സൗകര്യം കുറവായതിനാലാണ് സിഡി സൗജന്യമായി മുമ്പ് അയച്ചുകൊടുത്തിരുന്നതെന്നും, ഇപ്പോള്‍ വേഗമേറിയ ഇന്റര്‍നെറ്റ് സേവനം മിക്കയിടത്തും ലഭ്യമായതിനാല്‍ ഇനി മുതല്‍ സൗജന്യ സിഡിയുടെ ആവശ്യമില്ല എന്നും ഉബുണ്ടു നിര്‍മാതാക്കള്‍ അറിയിക്കുന്നു. എന്നുവെച്ചാല്‍, ഉബുണ്ടുവിന്റെ പുതിയ പതിപ്പിന്റെ സിഡി തപാല്‍ വഴി എത്തില്ല എന്ന് സാരം.

ഇതുവരെ ലഭ്യമായിരുന്നത് ഉബുണ്ടു 10.10 പതിപ്പാണ്. ഡസ്‌ക്‌ടോപ്പുകള്‍ക്കും ലാപ്‌ടോപ്പ്, സെര്‍വര്‍ എന്നിവകള്‍ക്കും പ്രത്യേക ഒഎസുകള്‍ ലഭ്യമാണ്. പൂര്‍ണമായും വിമുക്തമല്ലെങ്കിലും പൊതുവേ വൈറസ് ആക്രമണം ഉബുണ്ടുവില്‍ കുറവാണ്.

വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായുള്ള 'Edubuntu', ഗ്രാഫിക്കല്‍ ആവശ്യങ്ങള്‍ക്കായുള്ള 'Kubuntu', ഹോം തിയേറ്റര്‍ പിസികള്‍ക്കായുള്ള 'Mythbuntu', പ്രൊഫഷണല്‍ വീഡിയോ ഓഡിയോ എഡിറ്റിങ്ങിനായുള്ള 'Ubuntu Studio', കുറഞ്ഞ വേഗതയുള്ള കമ്പ്യൂട്ടറുകള്‍ക്കായുള്ള 'Xubuntu' എന്നീ വ്യത്യസ്ത ഉബുണ്ടു വകഭേദങ്ങളും ലഭ്യമാണ്.


വിന്‍ഡോസ് Vs ഉബുണ്ടു

1. വിന്‍ഡോസ് ഒഎസില്‍ ലഭിക്കുന്ന ഏതാണ്ടെല്ലാ സൗകര്യങ്ങളും സാധ്യമാക്കുന്നതിന് പുറമേ ഉബുണ്ടുവിന് അതിന്റേതായ ചില മേന്‍മകളുമുണ്ട്. വിന്‍ഡോസ് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടുമിക്ക സോഫ്ട്‌വേറുകള്‍ക്കും പകരമായി അതേ ഗുണങ്ങളോടുകൂടി ഉബുണ്ടുവില്‍ ഉപയോഗിക്കാവുന്ന സോഫ്ട്‌വേറുകള്‍ ലഭ്യമാണ്. അവയില്‍ മിക്കവയും സൗജന്യമാണ് എന്നതാണ് ഏറ്റവും ശ്രദ്ധേയം. എം.എസ്. ഓഫീസിന് പകരം ലിബ്രെ ഓഫീസ് (LibreOffice) ഉദാഹരണം.

2. പുതിയ ഉപകരണങ്ങള്‍ (ഉദാ: മോഡം, ക്യാമറ, ഫോണ്‍ തുടങ്ങിയവ) കമ്പ്യൂട്ടറുമായി ഘടിപ്പിക്കുമ്പോള്‍ ഡ്രൈവറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ട ആവശ്യം ഉബുണ്ടുവിനില്ല. വ്യത്യസ്ത ഫയല്‍ ഫോര്‍മാറ്റുകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന വീഡിയോ പ്ലെയറുകള്‍, സൗജന്യ ഓഫീസ് പാക്കേജ്, ബ്രൗസറുകള്‍, വെബ്കാം സോഫ്ട്‌വേറുകള്‍ തുടങ്ങി ഒട്ടേറെ ആപ്ലിക്കേഷനുകള്‍ അടങ്ങിയതാണ് ഉബുണ്ടു ഒഎസ്.

3. വിന്‍ഡോസ് ആപ്ലിക്കേഷനുകള്‍ 'വൈന്‍' എന്ന സോഫ്ട്‌വേറുകള്‍ ഉപയോഗിച്ച് ഉബുണ്ടുവില്‍ പ്രവര്‍ത്തിപ്പിക്കാം.

4. ഉയര്‍ന്ന കോണ്‍ഫിഗറേഷനുകളുള്ള കമ്പ്യൂട്ടറുകള്‍ അല്ലെങ്കിലും പഴയ കമ്പ്യൂട്ടറുകളും വേഗത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും എന്നതും ഉബുണ്ടുവിന്റെ മേന്മയാണ്.

അല്‍പ്പം ചരിത്രം

2004 ഒക്ടോബര്‍ 20-നാണ് ഉബുണ്ടുവിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങിയത്. അന്നുമുതല്‍ കൃത്യമായി ആറുമാസ ഇടവേളകളില്‍ പുതിയ പതിപ്പുകള്‍ പുറത്തിറങ്ങി. ഇത്രയും കൃത്യമായും വേഗത്തിലും പുതിയ പതിപ്പുകള്‍ പുറത്തിറക്കുന്ന മറ്റൊരു ഒഎസും ഇല്ല.

ഓപ്പണ്‍ സോഴ്‌സ് ഓപ്പറേറ്റിങ് സിസ്റ്റം വിഭാഗത്തിലുള്‍പ്പെടുന്ന ഉബുണ്ടുവിന്റെ നിയന്ത്രണം, സൗത്ത് ആഫ്രിക്കക്കാരനായ മാര്‍ക് ഷട്ടില്‍വര്‍ത്തിന്റെ നിയന്ത്രണത്തിലുള്ള കമ്പനിയായ കനോനിക്കല്‍ ലിമിറ്റഡിനാണ്. ഉബുണ്ടുവിന്റെ വികാസത്തിനായി ഉബുണ്ടു ഫൗണ്ടേഷനും രൂപംനല്‍കിയിട്ടുണ്ട്. ഈ ഫൗണ്ടേഷനാണ് ഇപ്പോള്‍ പുതിയ പതിപ്പുകള്‍ പുറത്തിറക്കുന്നത്.

പഴയ Linux kernel 2.6.34 ല്‍ നിന്നും മാറി Linux kernel 2.6.38 അടിസ്ഥാനമാക്കിയാണ് ഉബുണ്ടുവിന്റെ പുതിയ നാറ്റി നര്‍വാല്‍ പതിപ്പ് നിര്‍മിച്ചിരിക്കുന്നത്. കൂടിയി വേഗം, ത്രീഡി ഡിസ്‌പ്ലേ സാധ്യത, ചിത്രങ്ങളുടെയും വീഡിയോകളുടെയും ഉയര്‍ന്ന വ്യക്തത തുടങ്ങി പഴയ പതിപ്പില്‍ നിന്ന് വളരെയേറെ മാറ്റങ്ങളോടെയാണ് പുതിയ പതിപ്പ് രൂപപ്പെടുത്തിയിരിക്കുന്നത്. ലാപ്‌ടോപ്പുകള്‍ക്കും നെറ്റ്ബുക്കുകള്‍ക്കും ഉപയോഗിക്കാവുന്ന രീതിയിലാണ് പുതിയ പതിപ്പിന്റെ രൂപകല്‍പ്പന.

1. യൂണിറ്റി ഡെസ്‌ക്‌ടോപ്പ്

ഉബുണ്ടു പുതിയ പതിപ്പിന്റെ മുഖ്യ സവിശേഷത യൂണിറ്റി ഡെസ്്ക്‌ടോപ്പാണ്. ടാബ്‌ലറ്റുകളുടെയും സ്മാര്‍ട്ട്‌ഫോണുകളുടെയും ഡസ്‌കടോപ്പുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കാണുവാനും ഉപയോഗിക്കുവാനും എളുപ്പമുള്ള രീതിയിലാണ് യൂണിറ്റി ഡെസ്‌ക്‌ടോപ്പ് രൂപപ്പെടുത്തിയിട്ടുള്ളത്. പുതിയരീതിയിലുള്ള ആപ്ലിക്കേഷന്‍ മെനു, സ്്‌ക്രോള്‍ ബാര്‍ എന്നിവയും യൂണിറ്റിയുടെ സവിശേഷതയാണ്.

ഓപ്പണ്‍ ഒഎസ് സോഫ്ട്‌വേറുകളുടെ പ്രാധാന ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസായി ഉപയോഗിക്കുന്ന GNOME ന്റെ ഏറ്റവും പുതിയ പതിപ്പായ GNOME 3.0 ആണ് ഉബുണ്ടുവിന്റെ ഡസ്‌ക്‌ടോപ്പ് ഇത്രയും മികച്ചതാക്കുന്നത്. ഇനി പഴയ 'ക്ലാസിക്' ഡസ്‌കടോപ്പ് തന്നെ വേണമെന്നുള്ളവര്‍ക്ക് അതിലേക്ക് മാറാനുള്ള സൗകര്യവും ഉണ്ട്.

2. ലിബ്രെ ഓഫീസ്

നേരത്തെയുണ്ടായിരുന്നു ഓഫീസ് പാക്കേജായ ഓപ്പണ്‍ ഓഫീസില്‍ നിന്നും മറ്റൊരു ഓപ്പണ്‍ ഓഫീസ് പാക്കേജായ ലിബ്രെ ഓഫീസിലേക്കുള്ള മാറ്റമാണ് ഉബുണ്ടുവിന്റെ പുതിയ പതിപ്പിലെ മറ്റൊരു പ്രധാന സവിശേഷത. മൈക്രോസോഫ്ട് ഓഫീസിനെപ്പോലെത്തന്നെ വേര്‍ഡ് പ്രൊസസ്സര്‍, വര്‍ക്ക് ഷീറ്റ് ആപ്ലിക്കേഷന്‍, പ്രസന്റേഷന്‍ ആപ്ലിക്കേഷന്‍, ഡാറ്റാബേസ് ആപ്ലിക്കേഷന്‍ എന്നിവയെല്ലാം അടങ്ങിയതാണ് ലിബ്രെ ഓഫീസ്. എം.എസ്. ഓഫീസ് ഫയലുകള്‍ തുറന്നുപയോഗിക്കാമെന്ന സവിശേഷത കൂടി ലിബ്രെ ഓഫീസിനുണ്ട്.

3. ഫയര്‍ഫോക്‌സ് 4
ബ്രൗസിങ്ങിനായി മോസില്ല ഫയര്‍ഫോക്‌സ് 4 ആണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഉബുണ്ടുവിന്റെ ഡീഫാള്‍ട്ട് ബ്രൗസറായി ഉപയോഗിച്ചിരിക്കുന്നതും ഫയര്‍ഫോക്‌സ് തന്നെ. എന്നാല്‍ മറ്റ് ബ്രൗസറുകളും ഉപയോഗിക്കുന്നതിന് തടസ്സമില്ല.


4. ബാന്‍ഷീ മ്യൂസിക് പ്ലെയര്‍

ഇതുവരെയുള്ള പതിപ്പുകളില്‍ ഉപയോഗിച്ചിരുന്ന ഡീഫാള്‍ട്ട് മ്യൂസിക് പ്ലെയറായിരുന്ന Rhythmbox ന് പകരം, ബാന്‍ഷീ മ്യൂസിക് പ്ലെയറാണ് ഉബുണ്ടുവിന്റെ പുതിയ പതിപ്പില്‍ ഉപയോഗിച്ചിരിക്കുന്നത്. ബുക്ക്മാര്‍ക്ക്, ആമസോണ്‍ എംപിത്രീ സ്റ്റോര്‍ സപ്പോര്‍ട്ട്, വീഡിയോ തുടങ്ങി ഒട്ടേറെ സൗകര്യങ്ങള്‍ അടങ്ങിയതാണ് പുതിയ മ്യൂസിക് പ്ലെയര്‍.

5. ക്ലൗഡ് സൗകര്യം

ഡ്രോപ്‌ബോക്‌സ് ആപ്ലിക്കേഷന്‍ രീതിയില്‍ ഫയലുകള്‍ ക്ലൗഡ് രീതിയില്‍ സൂക്ഷിക്കാനുള്ള സൗകര്യവും പുതിയ പതിപ്പില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

6. സോഫ്ട്‌വേര്‍ സ്റ്റോര്‍

ആപ്പിളിന്റെയും ആന്‍ഡ്രോയിഡിന്റെയും ആപ്ലിക്കേഷന്‍ സ്റ്റോറുകളെപ്പോലെ സോഫ്ട്‌വേര്‍ സെന്ററും ഉബുണ്ടുവില്‍ ലഭ്യമാണ്. പുതിയ പതിപ്പോടെ ഇതിനെയും കൂടുതല്‍ കാര്യക്ഷമമാക്കിയിട്ടുണ്ട്. അതില്‍ പണം കൊടുത്തു വാങ്ങാവുന്ന വിഭാഗത്തിലുള്ള സോഫ്ട്‌വേറുകളുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്.

ഇവ കൂടാതെ ആദ്യമായി കീബോര്‍ഡ് ഷോര്‍ട്ട്കട്ടുകളും പുതിയ രീതിയിലുള്ള സെര്‍ച്ചും പുതിയ ഉബുണ്ടു പതിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നിലവില്‍ ഉബുണ്ടു 10 ഉപയോഗിക്കുന്നവര്‍ക്ക് പുതിയ പതിപ്പ് പ്രത്യേകമായി ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതില്ല. ഇവര്‍ക്ക് പുതിയ പതിപ്പിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്.



 (Source)

Monday, 24 January 2011

പപ്പി ലിനക്‌സ് -എളുപ്പത്തില്‍ ഉപയോഗിക്കാന്‍ ഒരു ഓപ്പറേറ്റിങ് സിസ്റ്റം



സ്വതന്ത്ര സോഫ്ട്‌വേറുകളുടെ ഉപയോഗം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. മൈക്രോസോഫ്ടിന് ബദലായി രംഗത്തെത്തിയ ലിനക്‌സ് അധിഷ്ഠിത ഉബുണ്ടു ഉദാഹരണം. ലിനക്‌സ് പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിച്ച മറ്റൊരു ഓപ്പറേറ്റിങ് സിസ്റ്റമാണ് പപ്പി ലിനക്‌സ്. 'ഉപയോഗിക്കാന്‍ എളുപ്പം'- അതാണ് പപ്പി ലിനക്‌സിന്റെ പ്രഖ്യാപിത മുദ്രാവാക്യം. അതിന്റെ പുതിയ പതിപ്പാണ് പപ്പി ലൂസിഡ് പപ്പി 5.2.

വിന്‍ഡോസ്, ഉബുണ്ടു എന്നിവയെപ്പോലെ ഒരു പൂര്‍ണ ഓപ്പറേറ്റിങ് സിസ്റ്റമാണ് പപ്പി ലിനക്‌സ്. ഉപയോഗിക്കാനും കൊണ്ടുനടക്കാനും എളുപ്പം. വേര്‍ഡ് പ്രൊസസ്സര്‍, സ്‌പ്രെഡ്ഷീറ്റ്, ഇന്റര്‍നെറ്റ് ബ്രൗസര്‍, ഗെയിംസ്, ഇമേജ് എഡിറ്റര്‍ തുടങ്ങി അത്യാവശ്യം വേണ്ട എല്ലാ സോഫ്ട്‌വേറുകളും ഇതിലുണ്ട്. മറ്റ് സോഫ്ട്‌വേറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സഹായിക്കുന്ന സംവിധാനവും (GUI Puppy Software Installer) ലഭ്യമാണ്. കുറഞ്ഞ കോണ്‍ഫിഗരേഷനുള്ള കമ്പ്യൂട്ടറുകളിലും പ്രവര്‍ത്തിപ്പിക്കാം എന്നതാണ് ഇതിന്റെ സവിശേഷത.

കമ്പ്യൂട്ടറില്‍ പൂര്‍ണമായി ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ, പെന്‍ഡ്രൈവ് വഴിയോ എസ്.ഡി.കാര്‍ഡ് മുഖേനയോ സിഡിയില്‍ നിന്നോ പപ്പി ലിനക്‌സ് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. കമ്പ്യൂട്ടറില്‍ നിലവിലുള്ള ഓപ്പറേറ്റിങ് സിസ്റ്റത്തെ വിഭജിക്കുകയോ ഏതെങ്കിലും വിധത്തില്‍ തടസ്സം വരുത്താതെയോ പപ്പി ലിനക്‌സ് പ്രവത്തിപ്പിക്കാനാവും. കമ്പ്യൂട്ടറിന്റെ റാമില്‍ (RAM) മാത്രം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്ന പ്രത്യേകതയുമുണ്ട്.

ഒരിക്കല്‍ ബൂട്ട് ചെയ്ത് കഴിഞ്ഞാല്‍ പിന്നെ സിഡിയോ പെന്‍ഡ്രൈവോ ഊരിയെടുത്താലും പപ്പി ലിനക്‌സ് തടസ്സമില്ലാതെ പ്രവര്‍ത്തിക്കും. സ്ഥിരം ഒ.എസ്. ആയി ഇതിനെ വേണമെന്നുള്ളവര്‍ക്ക് ഫുള്‍ ഇന്‍സ്റ്റലേഷന്‍ രീതിയും ലഭ്യമാണ്. പ്രവര്‍ത്തന സമയത്തെ ജോലികള്‍ പെന്‍ഡ്രൈവില്‍ സേവ് ചെയ്യുകയുമാവാം. ഏത് സിസ്റ്റത്തിലും ഒറ്റ മിനിറ്റുകൊണ്ട് പപ്പി ലിനക്‌സ് പ്രവര്‍ത്തനക്ഷമമാകും. പഴയ കമ്പ്യൂട്ടറുകളില്‍ ഇത് മികച്ച സമയം തന്നെയാണ്.

ഹാര്‍ഡ് ഡിസ്‌കുകള്‍ ഇല്ലാത്ത കമ്പ്യൂട്ടറുകളിലും പപ്പി ലിനക്‌സ് ഉപയോഗിക്കാം. പ്രൊസസറുകളുടെയും റാമിന്റെയും പഴക്കംകൊണ്ട് ഹാര്‍ഡ് ഡിസ്‌കുകള്‍ തകരാറിലായി ഉപേക്ഷിച്ച കമ്പ്യൂട്ടറുകളെപ്പോലും പപ്പി ലിനക്‌സ് കൊണ്ട് പ്രവര്‍ത്തിപ്പിക്കാനാകും. യു.എസ്.ബി.ഡ്രൈവ് വഴിയോ സിഡി വഴിയോ ബൂട്ട് ചെയ്താല്‍ മതി. ചെയ്യുന്ന ജോലികള്‍ പെന്‍ഡ്രൈവില്‍ സൂക്ഷിക്കുകയുമാവാം.

വൈറസ് ആക്രമണം കൊണ്ട് തുറക്കാന്‍ പറ്റാത്തതായ കമ്പ്യൂട്ടറുകളില്‍ പോലും പപ്പി ലിനക്‌സ് രക്ഷയ്‌ക്കെത്തും. യു.എസ്.ബി. വഴി പപ്പി ലിനക്‌സ് ഉപയോഗിച്ച് അതിലുള്ള ആന്റിവൈറസുകളുടെ സഹായത്തോടെ സിസ്റ്റത്തിലെ വൈറസ് കളയാനാകും. Autorun.inf എന്ന ദുഷ്ടപ്രോഗ്രാമിനെ (മാല്‍വെയര്‍) പോലും എളുപ്പത്തില്‍ പപ്പി ലിനക്‌സ് വഴി അമര്‍ച്ച ചെയ്യാം.

പപ്പി ലിനക്‌സ് ഉപയോഗിക്കാന്‍ അതിന്റെ സൈറ്റായ http://puppylinux.org ലെത്തി, അവിടുള്ള ISO Image ഡൗണ്‍ലോഡ് ചെയ്ത് ബൂട്ടബിള്‍ സിഡി ഉണ്ടാക്കുക. അതുപയോഗിച്ച് ഒരു തവണ ബൂട്ട് ചെയ്ത ശേഷം ആവശ്യമെങ്കില്‍ യു.എസ്.ബി.ഡ്രൈവില്‍ ബൂട്ട് ചെയ്യുന്ന രീതിയില്‍ സെറ്റപ്പ് മെനുവിനെ, യൂണിവേഴ്‌സല്‍ ഇന്‍സ്റ്റാളര്‍ (Puppy Universal Installer) ഉപയോഗിച്ച് പെന്‍ഡ്രൈവിലേക്ക് ഇന്‍സ്റ്റാള്‍ ചെയ്യാം. വെറും 100 എംബി സംഭരണശേഷിയുള്ള പെന്‍ഡ്രൈവില്‍ പോലും പപ്പി ലിനക്‌സ് ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതേയുള്ളു. ഓപ്പണ്‍ ഓഫീസ് പാക്കേജ് ആവശ്യമെങ്കില്‍ മിനിമം 250 എംബിയെങ്കിലുമുള്ള പെന്‍ഡ്രൈവ് ആവശ്യമാണ്.

ലൂസിഡ് പപ്പി 5.2 എന്ന അപരനാമത്തില്‍ അറിയപ്പെടുന്നതാണ് പപ്പി ലിനക്‌സിന്റെ ഏറ്റവും പുതിയ പതിപ്പ്. മുമ്പത്തേതിനെക്കാള്‍ കൂടുതല്‍ വേഗമുള്ള ഈ പതിപ്പിന് കൂടുതല്‍ ഭാഷകളെ പിന്തുണയ്ക്കാനാവും. ജി.യു.ഐ.മെനുവും ഇതിന്റെ സവിശേഷതയാണ്. മുമ്പുണ്ടായിരുന്ന 'സീമങ്കി' ബ്രൗസറിന് പുറമെ, ഫയര്‍ഫോക്‌സ്, ക്രോം തുടങ്ങിയ ബ്രൗസറുകളും ഇതില്‍ പ്രവര്‍ത്തിക്കും. ഉബുണ്ടു പാക്കേജുകളും ഉപയോഗപ്പെടുത്താനാകും.

2003 ല്‍ ബാരി കൗളര്‍ ആണ് പപ്പി ലിനക്‌സിന്റെ ആദ്യ പതിപ്പ് പുറത്തിറക്കിയത്. ലാറിഷോട്ട്, മൈക് അമാഡിയോ, പപ്പി കമ്മ്യൂണിറ്റി എന്നിവ ചേര്‍ന്നാണ് ഇപ്പോള്‍ പുതിയ പതിപ്പുകള്‍ ഇറക്കുന്നത്. 2006 ജൂണ്‍ ഒന്നിന് രണ്ടാമത്തെ പതിപ്പ് പുറത്തിറങ്ങി. അതിപ്പോള്‍ ലൂസിഡ് പപ്പി 5.2 എന്ന പതിപ്പിലെത്തി നില്‍ക്കുന്നു.

പിന്‍കുറിപ്പ് :
ഇതേ രീതിയില്‍ പെന്‍ഡ്രൈവില്‍ ബൂട്ട് ചെയ്യാവുന്ന ലിനക്‌സ് അധിഷ്ഠിത ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ വേറെയുമുണ്ട്. സ്ലാക്‌സ് (www.slax.org), ലിനക്‌സ്-യു.എസ്.ബി (www.linux-usb.org), പെന്‍ഡ്രൈവ് ലിനക്‌സ് (www.pendrivelinux.com), പ്ലോപ്പ് (http://www.plop.at/en/ploplinux.html) തുടങ്ങിയവയെല്ലാം പപ്പി ലിനക്‌സ് പോലെ സൗജന്യമായി ലഭിക്കുന്നതും സി.ഡി, പെന്‍ഡ്രൈവ് തുടങ്ങിയവ ഉപയോഗിച്ച് ബൂട്ട് ചെയ്യാവുന്നവയുമാണ്. 
 
 (Source)
Copyright 2010 @ Keve Tech News